Evolution Malayalam Part 1-6
പരിണാമം ഭാഗം 1
ഒട്ടേറെ തെറ്റിദ്ധാരണകൾക്ക് വിധേയമായിട്ടുള്ള ഒരു ശാസ്ത്രീയ സിദ്ധാന്തമാണ് പരിണാമം. ഡാർവിൻ അവിഷ്കരിക്കുന്ന സമയത്ത് ഏറേക്കുറേ അപൂർണമായിരുന്ന ഈ സിദ്ധാന്തം നിലവിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വളരെ വിശാലമായ സിദ്ധാന്തം ആയതു കൊണ്ട് തന്നെ പലരും പരിണാമത്തെ പൂർണമായി മനസിലാക്കാതെ വിമർഷിക്കുന്നതായി കണ്ടിട്ടുണ്ട്. പരിണാമത്തെ പറ്റി നിരന്തരം ചോദിക്കുന്ന ചില ചോദ്യങ്ങളും അവയുടെ വ്യക്തമായ ഉത്തരങ്ങും ഏതാനും ഭാഗങ്ങളായി വായനക്കാരുടെ മുന്നിൽ എത്തിക്കുയാണ് ഈ പരമ്പരയുടെ ലക്ഷ്യം. വായനക്കാരുടെ അറിവുകളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മെൻഷൻ ചെയ്ത് പരമ്പര കൂടുതൽ ജനകീയമാക്കാൻ ശ്രമിക്കുക.
ചോദ്യം 1. എന്താണ് പരിണാമം?
ഒരു ജീവി പ്രത്യുല്‍പ്പാദനവേളയില്‍ കൈമാറുന്ന ജീനുകളില്‍ മ്യൂട്ടേഷനിലൂടെ (ജനിതക ഉള്‍പ്പരിവര്‍ത്തനത്തിലൂടെ) മാറ്റങ്ങള്‍ സംഭവിച്ചാല്‍, അതുമായി ബന്ധപ്പെട്ട ചില മാറ്റങ്ങള്‍ അതിന്റെ സന്താനങ്ങളില്‍ ഉണ്ടാകാം. ആ മാറ്റങ്ങള്‍ ആവാസവ്യവസ്ഥക്ക് അനുയോജ്യമല്ലെങ്കില്‍ അത് ജീവിയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം.എന്നാല്‍, ചില ജനിതകമാറ്റങ്ങള്‍ സന്താനങ്ങള്‍ക്ക് അതിന്റെ ആവാസവ്യവസ്ഥയില്‍ കൂടുതല്‍ കാലം ജീവിക്കാനും അതിന്റെതന്നെ കുഞ്ഞുങ്ങളെ ധാരാളം ഉല്പ്പാിദിപ്പിക്കാനും സഹായിക്കും. അങ്ങനെ ആ ജീനുകള്‍ വീണ്ടും തലമുറകള്‍ വഴി കൈമാറ്റം ചെയ്യപ്പെടാം. തന്മൂലം ആവാസവ്യവസ്ഥയില്‍ ഏറ്റവും നന്നായി അതിജീവിക്കാനും സന്താനങ്ങളെ ഉണ്ടാക്കാനും യോജിച്ച ജീവിവര്‍ഗങ്ങള്‍ പെരുകുന്നു. ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ആ ജീനുകളില്‍ വീണ്ടും മാറ്റങ്ങള്‍ സംഭവിക്കാം. ഉദാഹരണത്തിന് നാലുതരം നല്ല മാറ്റങ്ങള്‍ മ്യൂട്ടേഷനിലൂടെ ജീനുകളില്‍ ഉണ്ടായി എന്നിരിക്കട്ടെ. ഇത് നാലുതരം സ്വഭാവ-സവിശേഷത ആദ്യത്തെ ജീവികളില്‍ സൃഷ്ടിക്കാം. ഇതിനര്‍ഥം ആദ്യത്തെ ജീവികള്‍ എല്ലാം നശിച്ചുപോയി എന്നല്ല. കാരണം അവയ്ക്കും അവാസവ്യവസ്ഥയില്‍ നന്നായി ജീവിക്കാന്‍ കഴിയുന്നുണ്ടല്ലോ (മ്യൂട്ടേഷനുകള്‍ ഉണ്ടാകുന്നത് ഒരു ജീവിക്ക് ആവാസവ്യവസ്ഥ അനുയോജ്യമല്ലാത്തത് കൊണ്ടല്ല).
പുതുതായി ഉണ്ടായ നാലുതരം സവിശേഷതകളില്‍ കാലക്രമേണ വീണ്ടുംവീണ്ടും മാറ്റങ്ങള്‍ വന്ന് പുതിയ നാലുതരം ജീവികള്‍ ഉണ്ടായേക്കാം.
കണ്ടില്ലേ, ഒരു ജീവി ഇപ്പോള്‍ പരിണമിച്ചു നാലുതരം ജീവികളായി, ഒരു മരത്തിന്റെ ശാഖ പോലെ. ഈ ജീവികളില്‍ വീണ്ടും ശാഖകള്‍ ഉണ്ടാകാം. ഇങ്ങനെയാണ് പരിണാമത്തിലൂടെ വിവിധ ജീവികള്‍ ഉണ്ടായത്.
ഇവിടെ പ്രധാനമായും മനസിലാക്കേണ്ട കാര്യം, ഓരോ തലമുറയിലും ഉണ്ടാകുന്ന മാറ്റം വളരെ ചെറുതായിരിക്കാം. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ടാണ് ഒരു ജീവിവര്‍ഗത്തിന്റെ ആകൃതിയും സ്വഭാവവും മാറി മറ്റൊരു പുതിയ വര്‍ഗം ആകുന്നത്.
വളരെ സാവധാനത്തില്‍ സംഭവിക്കുന്നതാണെങ്കിലും, പ്രകൃതിക്ക് അനുയോജ്യമല്ലാത്ത ഗുണവിശേഷങ്ങള്‍ ഉള്ള ജീവികള്‍ കാലക്രമേണ നശിച്ചുപോകും. അങ്ങനെയാണ് ജീവികളില്‍ അവയ്ക്ക് ഏറ്റവും യോജിച്ച ആകൃതിയും, അവയവങ്ങളും സ്വഭാവങ്ങളും ഉണ്ടായത്.
പരിണാമം ഭാഗം 2
ചോദ്യം 2. പരിണാമം ഒരു തട്ടിപ്പ് ശാസ്ത്രം ആണോ; ഇത് വെറുമൊരു സിദ്ധാന്തം മാത്രമാണോ?
ചാള്‍സ് ഡാര്‍വിന്‍ തന്റെ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, പരിണാമം വിവിധ നിരീക്ഷണങ്ങള്‍ അടിസ്ഥാനമാക്കിയ ഒരു സിദ്ധാന്തം (തിയറി) ആയിരുന്നു. ഡാര്‍വിന്‍ തന്റെ സിദ്ധാന്തത്തിലൂടെ പ്രശസ്തനായി, വിവാദങ്ങള്‍ ഉണ്ടായി.എന്നാല്‍, അതിനുശേഷം ജനിതകശാസ്ത്രത്തിലും മറ്റുമുണ്ടായ പുരോഗതി ജനങ്ങളില്‍ എത്തിയില്ല. അതുകൊണ്ട് പലരും പരിണാമത്തെ ഇന്നും ഡാര്‍വിന്റെ തിയറി മാത്രമായി തെറ്റിദ്ധരിച്ചിരിക്കുന്നു.
ചോദ്യം 3. പരിണാമത്തിന് തെളിവുണ്ടോ?
ഡാര്‍വിന്‍ ആഗ്രഹിച്ചതുപോലെ പരിണാമത്തെ പിന്താങ്ങുന്ന അസംഖ്യം ഫോസില്‍ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. എന്നാല്‍ ഇന്ന് പരിണാമം നിലനില്‍ക്കുന്നത് ഫോസില്‍ തെളിവുകളുടെ മാത്രം പിന്‍ബലത്താല്‍ അല്ല. മറിച്ച് ജനിതകശാസ്ത്രത്തില്‍ കൈവരിച്ച മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്.ഫോസില്‍ തെളിവുകള്‍ കിട്ടിയാല്‍ പോലും അത് ജീവികളുടെ ശാരീരിക ഘടനയെപറ്റി മാത്രമുള്ള വിവരങ്ങളേ നല്‍കുന്നുള്ളൂ. അവയുടെ ശരീരത്തില്‍ എന്തെല്ലാം വിധത്തിലുള്ള പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു എന്നും ജീവികള്‍ക്ക് എന്തെല്ലാം സ്വഭാവഗുണങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്ന വിവരവും ഫോസിലുകള്‍ക്ക് തരാന്‍ കഴിയില്ല. ഫോസില്‍ തെളിവുകള്‍ ഇല്ലാതെ തന്നെ വെറും ഡിഎന്‍എ ശ്രേണികള്‍ താരതമ്യം ചെയ്തുകൊണ്ട് മാത്രം ജീവികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മനസിലാക്കാവുന്നതാണ്. കാലങ്ങളായി നടത്തുന്ന പ്രശസ്തമായ ചില പരീക്ഷണങ്ങള്‍ പരിണാമം ശരിയാണെന്ന് തെളിയിച്ചിട്ടുണ്ട്. റിച്ചാര്‍ഡ് ലെന്‍സ്‌കിയുടെ ഇ-കോളി ബാക്റ്റീരിയ പരീക്ഷണവും ( E-Coli bacteria experiments of Rechard Lenski ), റഷ്യയില്‍ നടക്കുന്ന സില്‍വര്‍ ഫോക്‌സ് പരീക്ഷണവും ( Silver Fox Experiments ) ആണ് അവ. ലെന്‍കിയുടെ പരീക്ഷണം 1988 ലും ഫോക്‌സ് പരീക്ഷണം 1959 ലും തുടങ്ങിയതാണ്. രണ്ടും ഇപ്പോഴും തുടരുന്നു.
നിത്യജീവിതത്തില്‍ ബാക്ടീരിയകളും വൈറസുകളും മരുന്നുകള്‍ക്കെതിരെ പ്രധിരോധശക്തി കൈവരിക്കുന്നത് പരിണാമത്തിനു ഉദാഹരണമാണ്
ചോദ്യം 4. പരിണാമം ശാസ്ത്രലോകം പൂര്‍ണമായി അംഗീകരിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും. എന്നു മാത്രമല്ല, പ്രശസ്ത സര്‍വകലാശാലകളിലെല്ലാം, എന്തിന് മതപരമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സര്‍വകലാശാലയില്‍പോലും പരിണാമത്തെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്.
പരിണാമം ഭാഗം 3
ചോദ്യം 5. ഏകകോശ ജീവികളില്‍നിന്ന് പരിണമിച്ചാണ് വലിയ ജീവികള്‍ ഉണ്ടായതെങ്കില്‍ ഇന്നും ഏകകോശ ജീവികള്‍ ഉണ്ടായിരിക്കുന്നത് എങ്ങനെയാണ്?
ഇതിനുള്ള ഉത്തരം ആദ്യത്തെ ചോദ്യത്തില്‍ ഉണ്ട്. ഒരു ജീവിക്ക് മ്യൂട്ടേഷന്‍ (ജനിതക ഉള്‍പ്പരിവര്‍ത്തനം) ഉണ്ടായി ആയിരക്കണക്കിന് തലമുറകള്‍ കൊണ്ട് അത് മറ്റൊന്നായി പരിണമിച്ചു എന്നതുകൊണ്ട് ആദ്യത്തെ ജീവി നശിച്ചുപോകണം എന്നില്ല. കാരണം മ്യൂട്ടേഷന്‍ ഉണ്ടാകുന്നത് ആദ്യത്തെ ജീവിക്ക് നിലനില്‍ക്കാന്‍ സാധിക്കത്തതുകൊണ്ടല്ല.
ചോദ്യം 6. എങ്ങനെയാണ് ഏകകോശ ജീവികള്‍ ഉണ്ടായത്?
ഫോസില്‍ തെളിവുകളോ ജനിതകപരമായ തെളിവുകളോ ഉണ്ടാകാന്‍ പറ്റില്ലാത്തതിനാല്‍, എങ്ങനെയാണ് തന്മാത്രകളില്‍നിന്ന് കോശങ്ങള്‍ ഉണ്ടായത് എന്നകാര്യം ശാസ്ത്രം പൂര്‍ണമായും തെളിയിക്കാത്ത കാര്യമാണ്. എന്നാല്‍ ശാസ്ത്രത്തിന് ഇത് തീര്‍ത്തും അറിവില്ലാത്ത കാര്യവുമല്ല. ഇക്കാര്യത്തില്‍ ചില പ്രധാന നിരീക്ഷണങ്ങള്‍ ശാസ്ത്രം നടത്തിയിട്ടുണ്ട്.
1953 ല്‍ മില്ലറും ഉറേയും നടത്തിയ പ്രശസ്തമായ പരീക്ഷണം എടുക്കാം. ഭൂമിയുടെ ആരംഭഘട്ടത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട്, ആ അവസ്ഥയില്‍ വിവിധ അമീനോ അസിഡുകളും കോശങ്ങളില്‍ ഉള്ള മറ്റു ഓര്‍ഗാനിക് തന്മാത്രകളും ഉണ്ടാക്കാം എന്ന് ആ പരീക്ഷണം തെളിയിച്ചു. അതുപോലെ ഇന്ത്യന്‍ ശാസ്ത്രഞനായ കൃഷ്ണ ബഹാദൂര്‍ 1963ല്‍ ലളിതമായ കോശത്തിന്റെ പുറംഘടന ഓര്‍ഗാനിക് തന്മാത്രകളും ഫാറ്റിഅസിഡുകളും ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുണ്ട്. ലളിതമായ കോശംപോലും ഒറ്റയടിക്ക് ഉണ്ടായതല്ല. ഘട്ടംഘട്ടമായ വികാസത്തിലൂടെ ഉണ്ടായതാണ്.
ചോദ്യം 7. മാലിന്യകൂമ്പാരത്തില്‍ അടിക്കുന്ന കൊടുങ്കാറ്റ് ഒരു ജമ്പോജെറ്റ് വിമാനം രൂപപ്പെടുത്താനുള്ള സാധ്യത പോലെയല്ലേ തന്മാത്രകള്‍ തനിയെ കൂടിച്ചേര്‍ന്ന് ലളിതമായ കോശം പോലും ഉണ്ടാകാനുള്ള സാധ്യത?
പ്രശസ്ത്ര ശാസ്ത്രഞ്ജനായ ഫ്രെഡ് ഹോയില്‍ ഉന്നയിച്ച ഈ ചോദ്യം ചിന്തിപ്പിക്കുന്നതാണ്. മാലിന്യകൂമ്പാരത്തിലെ കഷണങ്ങള്‍ കൂടിച്ചേരാന്‍ അവ തമ്മില്‍ പ്രത്യേകിച്ച് ആകര്‍ഷണവികര്‍ഷണങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ തന്മാത്രകളുടെ കാര്യം അങ്ങനെയല്ല. രസതന്ത്രനിയമങ്ങള്‍ അനുസരിച്ച് തന്മാത്രകള്‍ തമ്മില്‍ രാസപ്രവര്‍ത്തനങ്ങള്‍ നടക്കാം. അങ്ങനെ സങ്കീര്‍ണ തന്മാത്രകള്‍ ഉണ്ടാകാം.
പരിണാമം ഭാഗം 4
ചോദ്യം 8. കോശത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയെങ്കില്‍ എന്തുകൊണ്ട് കൃത്രിമകോശം അല്ലെങ്കില്‍ കൃത്രിമ ജീവന്‍ ശാസ്ത്രത്തിന് ഇതുവരെ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല?
കോശങ്ങളിലെ വിവിധ തന്മാത്രകളുടെ പ്രവര്‍ത്തനം അതിസങ്കീര്‍ണമാണ്. ഇനിയും ധാരാളം കാര്യങ്ങള്‍ മനസിലാക്കാനുണ്ട്. ജീവന്‍ എന്നാല്‍ ആയിരക്കണക്കിന് രാസപ്രവര്‍ത്തനങ്ങള്‍ ക്രമമായി നടക്കുന്ന ഒരു സമതുലനാവസ്ഥയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം ഇങ്ങനെ നടക്കാന്‍ പാകത്തിന് ഉള്ള സംവിധാനം ലാബില്‍ ഒരുക്കാന്‍ അത്ര എളുപ്പമല്ല. ഇതിനര്‍ഥം ഇത് ഒരിക്കലും സാധിക്കില്ല എന്നല്ല. (added in Jun-2015): വിവിധങ്ങളായ ജീവതന്മാത്രകള്‍ ഡിസൈന്‍ ചെയ്യാനും കൃത്രിമമായി ഉണ്ടാക്കാനും മറ്റും ഗവേഷണം നടക്കുന്ന ശാസ്ത്രശാഖ തന്നെയുണ്ട്. സിന്തറ്റിക് ബയോളജി എന്നാണത് അറിയപ്പെടുന്നത്. വെറും രാസവസ്തുക്കള്‍കൊണ്ട് കൃത്രിമമായി ഉണ്ടാക്കിയ ഡി എന്‍ എ ബാക്ടീരിയയില്‍ നിക്ഷേപിക്കാനും അങ്ങനെ ഈ ഡി എന്‍ എ യെ അനുസരിക്കുന്ന ‘കൃത്രിമ ബാക്ടീരിയയെ’ ഉണ്ടാക്കാനും ശാസ്ത്രഞ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ചോദ്യം 9. പരിണാമസിദ്ധാന്തം തെര്‍മോഡൈനാമിക്‌സിന്റെ രണ്ടാംനിയമത്തിനു എതിരാണോ?
ഒരിക്കലുമല്ല. കാരണം പ്രകൃതിനിയമങ്ങള്‍ക്ക് എതിരായി പ്രകൃതിയില്‍ ഒന്നും സാധ്യമല്ല. രണ്ടാംനിയമം ശരിക്കും മനസിലാക്കാത്തതാണ് മുകളിലെ ചോദ്യത്തിനു കാരണം.തെര്‍മോഡൈനാമിക്‌സിന്റെ രണ്ടാംനിയമം അനുസരിച്ച് ‘എന്‍ട്രോപ്പി’ എപ്പോഴും വര്‍ധിക്കാനേ പാടുള്ളൂ. എന്നുവെച്ചാല്‍ തന്മാത്രകളും മറ്റും കൂടിച്ചേര്‍ന്ന് ക്രമമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം (ഒരു വലിയ തന്മാത്ര അല്ലെങ്കില്‍ കോശം) ഉണ്ടാകാന്‍ പാടില്ല എന്നാണ് വാദം. യഥാര്‍ഥത്തില്‍, ഊര്‍ജം ലഭ്യമാക്കിയാല്‍ എന്‍ട്രോപ്പി കുറച്ച് ക്രമമുള്ള ഒരു സംവിധാനം ഉണ്ടാക്കാം. പക്ഷെ അത് ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഊര്‍ജം ഉപയോഗിക്കുമ്പോള്‍ മറ്റെവിടെയെങ്കിലും എന്‍ട്രോപ്പി രണ്ടാംനിയമം അനുസരിച്ച് കൂടുന്നുണ്ട്. മറ്റൊരു വാദം എന്‍ട്രോപ്പി ഇങ്ങനെ കുറച്ചു ക്രമമുള്ള സംവിധാനം ഉണ്ടാക്കണമെങ്കില്‍ അതിനൊരു ഉപകരണം വേണം എന്നതാണ്. ഒരു ഫ്രിഡ്ജ് ഐസ് ഉണ്ടാക്കുന്നതുപോലെ. പ്രകൃതിയില്‍ ഈ ഉപകരണം പ്രകൃതിനിയമങ്ങള്‍ തന്നെയാണ്. ഉദാഹരണത്തിന് രാവിലെ ഇലകളില്‍ കാണുന്ന ഐസ് ശല്‍കങ്ങളിലെ ക്രമമായ ആകൃതി രണ്ടാംനിയമവും മറ്റു പ്രകൃതിനിയമങ്ങളും അനുസരിച്ച് ജലതന്മാത്രകള്‍ ചേര്‍ന്ന് തനിയെ ഉണ്ടാക്കപ്പെടുന്നതാണ്.
പരിണാമം ഭാഗം 5
ചോദ്യം 10. അന്നും ഇന്നും കുരങ്ങുണ്ടല്ലോ. കുരങ്ങനെന്തേ ഇപ്പോള്‍ പരിണമിക്കാത്തത്?
എല്ലാ ജീവികളിലും ഇപ്പോള്‍ അവക്കുള്ള ആവാസവ്യവസ്ഥക്ക് അനുസരിച്ച് പരിണാമം നടക്കുന്നുണ്ട്. കുറെ വര്‍ഷങ്ങള്‍ ആയുര്‍ദൈര്‍ഘ്യം ഉള്ള ഒരു ജീവിയില്‍ എന്ത് പരിണാമം ആണ് സംഭവിക്കുന്നത് എന്ന് പറയുക വിഷമകരമാണ്. കാരണം എന്തെങ്കിലും മാറ്റങ്ങള്‍ കാണണമെങ്കില്‍ പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ വര്‍ഷങ്ങള്‍ വേണ്ടിവരും. അതുകൊണ്ട് കുറച്ചു മണിക്കൂറുകള്‍ മാത്രം ജീവിക്കുന്ന ബാക്റ്റീരിയയോ വൈറസോ പരിണമിക്കുന്നുണ്ടോ എന്ന് നോക്കുന്നതായിരിക്കും പ്രായോഗികം. റിച്ചാര്‍ഡ് ലെന്‍സ്‌കിയുടെ ഇ-കോളി ബാക്റ്റീരിയ പരീക്ഷണത്തെക്കുറിച്ച് വായിക്കുക.
ചോദ്യം 11. ഫോസിലുകളുടെ അല്ലെങ്കില്‍ ജീവികളുടെ ആകൃതി നോക്കിയാണോ ജീവികള്‍ തമ്മിലുള്ള അടുപ്പം നിര്‍ണയിക്കുന്നത്?
അല്ല. ജീവികളുടെ ഡിഎന്‍എ ശ്രേണി താരതമ്യം ചെയ്താണ് പരിണാമപരമായി ഒരു ജീവിക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റ് ജീവികളെ നിര്‍ണയിക്കുന്നത്. ഉദാഹരണത്തിന് മനുഷ്യന് ഏറ്റവും അടുത്ത് നില്‍ക്കുന്ന ജീവി ബോനോബോ ചിമ്പാന്‍സികളാണ്. ഇതിനര്‍ഥം. ഈ ചിമ്പാന്‍സികളില്‍ നിന്നാണ് മനുഷ്യന്‍ ഉണ്ടായത് എന്നല്ല. നമ്മള്‍ ഇരുകൂട്ടരും ഉണ്ടായത് മറ്റൊരു പൊതുജീവിയില്‍ നിന്നാണ് എന്നാണ്.മനുഷ്യന്റേതടക്കം വിവിധ ജീവികളുടെ ഡിഎന്‍എ ശ്രേണികള്‍ മുഴുവനായും ഉരുക്കഴിച്ചിട്ടുണ്ട്. ഇതത്ര എളുപ്പമുള്ള കാര്യമല്ല. ലോകത്തെ പല പരീക്ഷണശാലകളുടെ വര്‍ഷങ്ങള്‍ നീണ്ട ശ്രമഫലമായാണ് അത് സാധ്യമായത്. മനുഷ്യന്റേതടക്കമുള്ള ഡിഎന്‍എ സാരം സൗജന്യമായി ഇന്ന് ലഭ്യവുമാണ്. ജീനുകളുടെ ശ്രേണീഘടന ലഭിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ (National Center for Biotechnology Information ) വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്. വിവിധ ജീനുകള്‍ താരതമ്യം ചെയ്യാന്‍ ബേസിക് ലോക്കല്‍ അലൈന്‍മെന്റ് സെര്‍ച്ച് ടൂള്‍ ( Basic Local Alignment Search Tool ) ഉപയോഗിക്കാവുന്നതാണ്.
പരിണാമം ഭാഗം 6
ചോദ്യം 12. മനുഷ്യന് മാത്രം ബുദ്ധിശക്തി എന്തുതരം പരിണാമത്തിലൂടെ ലഭിച്ചു. ലോകം ഒരുപാട് പുരോഗമിച്ചിട്ടും നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള മൃഗങ്ങളും ഇന്നത്തെ മൃഗങ്ങളും തമ്മില്‍ ഭക്ഷണം തേടുന്നതിലോ, ഇര പിടിക്കുന്നതിലോ ഒന്നും ഒരു മാറ്റവും വരാത്തത് എന്തുകൊണ്ട്. മനുഷ്യന് മാത്രം പരിണാമം നല്‍കാന്‍ മാത്രം മനുഷ്യന്‍ എന്ത് കടപ്പാടാണ് പ്രകൃതിയോട് ചെയ്തത്?
ഗോറില്ല പോലെയുള്ള കുരങ്ങുകളിലെ ചില മാറ്റങ്ങള്‍ വഴി ഉണ്ടായ വിവിധ ജീവികളില്‍ ഒരു വര്‍ഗത്തിന് നിവര്‍ന്നുനില്‍ക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷെ ആ ജീവികള്‍ക്ക് മരം കയറാനോ വേഗത്തില്‍ ഓടാനോ കഴിഞ്ഞിരുന്നില്ല. ഇരകളെയും ശത്രുക്കളെയും കടിച്ചുകീറാന്‍ കൂര്‍ത്ത പല്ലുകളും ഉണ്ടായിരുന്നില്ല. മാത്രമല്ല, കായികശക്തിയിലും ഇവറ്റകള്‍ വളരെ പിറകില്‍ ആയിരുന്നു. ഭക്ഷണത്തിന്റെ ലഭ്യത ഇവയ്ക്ക് കുറവായിരുന്നു. ശത്രുക്കളെ മണത്തറിയാന്‍ അത്ര നല്ല ഘ്രാണശക്തിയോ ഭയങ്കരമായ കേഴ്‌വിശക്തിയോ, രാത്രിയില്‍ കാഴ്ചശക്തിയോ ഈ പാവം ജീവികള്‍ക്ക് ഉണ്ടായിരുന്നില്ല. വെള്ളത്തില്‍ ഇറങ്ങിയാല്‍ മുങ്ങിച്ചാവും. കാരണം ജനിതകപരമായി നീന്തല്‍ വശമില്ല. തണുപ്പ് നേരിടാന്‍ ദേഹത്ത് രോമങ്ങളും കുറവ്.അതിജീവനത്തിന്റെ കാര്യത്തില്‍ രണ്ടുംകെട്ട രീതിയില്‍ പിറന്ന ഈ പാവങ്ങള്‍ അതിജീവിക്കാന്‍ ചില കാര്യങ്ങള്‍ കണ്ടുപിടിച്ചു. ഒന്ന് കൂട്ടമായി നില്‍ക്കുക. മറ്റൊന്ന് പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ബുദ്ധി ഉപയോഗിക്കുക. ഇത് രണ്ടും ചെയ്ത ജീവികള്‍ അതിജീവിച്ചു. ഓരോ തലമുറയിലും നേടിയ അറിവുകള്‍ അടുത്തവയിലേക്ക് കൈമാറി. ഏറ്റവും പ്രധാനമായി ബുദ്ധിയുള്ള ജീവികള്‍ അല്ലെങ്കില്‍ ഈ വിധത്തിലുള്ള അതിജീവനത്തിനു സഹായിച്ച മ്യൂട്ടേഷനുകള്‍ ഉണ്ടായവ മാത്രം അതിജീവിച്ചു. അങ്ങനെയാണ് ബുദ്ധിയുള്ള ആധുനികമനുഷ്യന്റെ പിറവി.
ചോദ്യം 13. ബുദ്ധി ഉപയോഗിച്ചാണ് മനുഷ്യന്‍ അതിജീവിച്ചതെങ്കില്‍ അതിജീവനത്തില്‍ പരാജയപ്പെടാന്‍ പോകുന്ന മുഴുവന്‍ ജീവികള്‍ക്കും നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ബുദ്ധി കിട്ടേണ്ട ?
മനുഷ്യന്റെ പരിണാമശാഖയില്‍ ഉണ്ടായിരുന്ന ജീവികള്‍ ബുദ്ധി ഉപയോഗിച്ചത് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടും (മുകളിലെ ചോദ്യവും ഉത്തരവും വായിക്കുക) അവയ്ക്ക് കുരങ്ങന്റെപോലെ കുറച്ചു ബുദ്ധി ഉണ്ടായിരുന്നതുകൊണ്ടുമാണ്. ഇരുകാലില്‍ നടക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഈ ജീവികള്‍ക്ക് ഒരിക്കലും ആധുനിക മനുഷ്യനായി പരിണമിക്കാന്‍ കഴിയില്ലായിരുന്നു. തീര്‍ച്ചയായും അവയ്ക്ക് വംശനാശം സംഭവിച്ചേനെ.ബുദ്ധി ഉപയോഗിച്ച് അവര്‍ ചെയ്ത പ്രധാന കാര്യം ആയുധങ്ങള്‍ ഉണ്ടാക്കി ഉപയോഗിച്ചു എന്നതായിരുന്നു. ഇരുകാലില്‍ നില്‍ക്കാനും നടക്കാനും ഓടാനും സാധിച്ചതിനാല്‍ ഇരുകൈകളും ഇത്തരം കാര്യങ്ങള്‍ക്ക് അവര്‍ ഉപയോഗിച്ചു. എന്നിട്ടുപോലും ബുദ്ധി കുറഞ്ഞ മനുഷ്യജീവിവര്‍ഗങ്ങള്‍ക്ക് വംശനാശം സംഭവിച്ചു. പിന്നെ എന്തുകൊണ്ടാണ് ബുദ്ധി കുറഞ്ഞ മറ്റു ജീവികള്‍ അതിജീവിക്കുന്നത്? കാരണം അവയ്ക്ക് അവയുടേതായ മറ്റു ഗുണങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന്, കടുവക്ക് ഇരപിടിക്കാനും, ശത്രുക്കളെ നേരിടാനും വലിയ ബുദ്ധിയും ആയുധവും ഒന്നും ആവശ്യമില്ല. അത്രപോലും ബുദ്ധിയില്ലാത്ത പാമ്പിന് ഇര പിടിക്കാന്‍ ഒരൊറ്റ കടി മതി.
ഓരോ ജീവിക്കും അതിജീവനത്തിനായി ഓരോരോ കഴിവുകള്‍ ഉണ്ട്. മനുഷ്യന്റെ കാര്യത്തില്‍ ഇത് ബുദ്ധിയാണ് എന്നുമാത്രം